Total Pageviews

Wednesday, January 12, 2022

നാരായണ ഗുരു

നാരായണ ഗുരു
''''''''''''''''''''''''''''''''''''''''''''''''''''
"തല മുണ്ഡനം ചെയ്ത്, യാതൊരു ഭൂഷകളുമണിയാതെ
അതി സരളമായൊരു ജീവിത ചര്യയാണ് നാരായണ ഗുരു അവലംബിച്ചിരുന്നത്.

മുണ്ടിന്റെ വക്കിൽ ഒരു കര പോലും ഉണ്ടായിരിക്കില്ല. തൂവെള്ളയായൊരു ഒരു മുണ്ടിലും മേൽമുണ്ടിലും ഒതുങ്ങി നിന്നു അവിടുത്തെ വേഷ വിധാനം. (പിൽക്കാലത്ത് ശിഷ്യന്മാരുടെ നിർബന്ധ പ്രകാരം അത് കാവിയാക്കി.)

വളരെ വിലപിടിപ്പുള്ള ഒരു പാനിയമെന്ന വണ്ണമാണ് ശുദ്ധ ജലം അവിടുന്ന് ഊറിക്കുടിക്കുന്നത്.

കായ്കനികളും കിഴങ്ങുകളുമാണ് അവിടുത്തേയ്ക്ക് ഇഷ്ടപ്പെട്ട ആഹാരം.

നീലാകാശമാകുന്ന കൂരയ്ക്ക് കീഴിൽ, തറയിൽ ഒരു തോർത്ത് വിരിച്ച്, കൈ മടക്കി തലയിണയാക്കി വച്ചു കിടന്നുറങ്ങാനാണ് അവിടുത്തേയ്ക്കിഷ്ടം.

അതുപോലെ തന്നെ പുഴയിൽ കുളിക്കുന്നതും കാൽനടയായി യാത്ര ചെയ്യുന്നതും.

ഇങ്ങനെ ഗ്രാമങ്ങൾ തോറും സഞ്ചരിക്കുന്നതിനിടയിൽ ഏതെങ്കിലും ഒരു ഗ്രാമീണൻ ഭക്ത്യാദരങ്ങളോടെ നൽകുന്ന ഏത് ആഹാരവും വാങ്ങി കഴിക്കുവാൻ അവിടുന്ന് മടി കാണിച്ചിരുന്നില്ല.

കർഷകനും തൊഴിലാളിക്കും നൽകുന്ന സ്ഥാനം തന്നെയാണ് പുരോഹിതനും പൊതു പ്രവർത്തകനും ഗുരു നൽകാറ്.

എല്ലാവരോടും ഗുരു ഒരു പോലെ പെരുമാറുന്നു. വിനീതരായ മാതാ പിതാക്കളുടെ പുത്രനായി ജനിച്ച നാരായണ ഗുരുവിന് ഇവിടെ പരമ്പരയാ നിലനിന്നു പോരുന്ന ഗുരുത്വത്തിന്റെ ഒരു ഉത്തമ മാതൃകയായി ജീവിക്കുവാൻ ഒരു പ്രയാസവുമുണ്ടായില്ല.

പ്രത്യേകം ആരെയെങ്കിലും തന്റെ ശിഷ്യനായി ഗുരു കണക്കാക്കിയതുമില്ല. ഇക്കാര്യത്തിൽ ഒന്നുകിൽ എല്ലാവരും തന്റെ ശിഷ്യർ അല്ലെങ്കിൽ ആരും ശിഷ്യരല്ല എന്ന മനോഭാവമാണ് ഗുരു പുലർത്തിയിരുന്നത്.

ഗുരുവിന്റെ മനോഭാവത്തിൽ തനിക്കെതിരല്ലാത്തവരെല്ലാം തന്നോടൊപ്പമാണ്. തന്നോടൊപ്പമില്ലാത്തവർ തനിക്കെതിരുമാണ്.

 ഗുരുവിന്റെ കുഞ്ഞാടുകൾ എല്ലാ പറ്റത്തിലുമുണ്ട്. ഗുരുവിന്റെ കുഞ്ഞാടുകൾ ഇല്ലാത്തതായിട്ട് ഒരു പറ്റവുമില്ല. ഇത്തരത്തിൽ തികച്ചും വിശാലമായിരുന്നു അവിടുത്തെ മനോഭാവം.

ഗുരുവിന് സ്വന്തമായി ഒരു കർമ്മ പരിപാടിയുമില്ല. എന്നാലും തങ്ങൾ തുടങ്ങിവെച്ച നല്ല കാര്യം നല്ല തരത്തിൽ മുഴുമിപ്പിക്കുന്നതിന് വേണ്ടി ഗുരുവിന്റെ ആശീർവാദം പ്രാർത്ഥിച്ചു കൊണ്ട് സമീപിക്കുന്നവരെ അവിടുന്ന് സന്തോഷത്തോട് കൂടി ആശീർവദിക്കും. ആ ആശീർവാദം മിക്കവാറും ഒരു മൗനാനുവാദത്തിന്റെ രൂപത്തിലുള്ളതായിരിക്കും.

മനുഷ്യ നന്മയെ ഊന്നുന്ന ഏതിനുമുണ്ടായിരിക്കും അവിടുത്തെ ഈ മൗനാനുവാദം.
🙏🙏🙏
.
നടരാജഗുരു... ✍️ (ഗുരുവരുളിൽ നിന്ന് )
കടപ്പാട്

No comments:

Post a Comment