🙏 *ഗർഗസംഹിതാ* 🙏
*_ഗോലോകഖണ്ഡം_*
*അദ്ധ്യായം - 14*
🙏🌹🌺🌸💐🌹🙏
*ഉൽക്കചനും (ശകടാസുരനും )തൃണാവർത്തനും മോക്ഷപ്രാപ്തി*
✨✨✨✨✨✨✨✨✨✨✨✨
ശ്രീകൃഷ്ണ ഭഗവാൻറെ ഉത്കൃഷ്ടമായ ദിവ്യചരിതം ഭക്തിപൂർവ്വം ശ്രവിക്കുന്നവൻ കൃതാർത്ഥനായിത്തീരും എന്ന് മാത്രമല്ല, അവന് പരമപുരുഷാർത്ഥം പ്രപ്യമായിത്തീരുകയും ചെയ്യും എന്നതിൽ സംശയമില്ല.
ബഹുലാശ്വൻ നാരദ മഹർഷിയോട് ശ്രീകൃഷ്ണ ഭഗവാൻറെ വിചിത്രലീലകളെ കുറിച്ച് ചോദിച്ചു.
ഒരു ദിവസം കൃഷ്ണാവതാര നക്ഷത്രമായ രോഹിണി നാളിൽ നന്ദറാണി ഗോപന്മാരെയും ഗോപികമാരെയും വീട്ടിൽ വിളിച്ചു വരുത്തി ബ്രാഹ്മണർ പറഞ്ഞതുപോലെ മംഗളകാര്യങ്ങൾ ചെയ്യാനുള്ള ഏർപ്പാടുണ്ടാക്കി. ബ്രാഹ്മണർക്ക് ധാരാളം ധനം ദാനം നല്കി. കൃഷ്ണനെ മനോഹരമായി ഒരുക്കി തൊട്ടിലിൽ കിടത്തി. അഥിതി സത്ക്കാരത്തിൽ മുഴുകിയ യശോദ മുലപ്പാലിനായിയുളള കൃഷ്ണൻറ കരച്ചിൽ കേട്ടതുമില്ല. അപ്പോൾ കംസനാൽ അയയ്ക്കപ്പെട്ട വായുമയമായ ശരീരം മാത്രം ഉളള ഉൽക്കചൻ എന്ന രാക്ഷസൻ അവിടെ എത്തുകയും പാലും വെണ്ണയും തൈരും ശേഖരിച്ചു വച്ച വലിയ ഒരു ശകടം കൃഷ്ണൻറെ മസ്തകത്തിൽ തളളിയിടാൻ ശ്രമിക്കുകയും ചെയ്തു. കൃഷ്ണൻ കാല് കൊണ്ട് ശകടത്തിൽ ചവിട്ടി. ശകടം തകർന്നു തരിപ്പണമാകുകയും അസുരൻ വീണ് മരിക്കുകയും ചെയ്തു. അതോടെ അസുരൻറെ വായുമയ ശരീരം ഇല്ലാതാവുകയും ദിവ്യമായ അനശ്വര ശരീരം ലഭിക്കുകയും ഭഗവാനെ നമസ്കരിച്ച് ദിവ്യവിമാനത്തിലേറി ഗോലോകധാമത്തിലേയ്ക്ക് പോവുകയും ചെയ്തു. ശകടം മറിഞ്ഞ ഒച്ച കേട്ടെത്തിയ ഗോപന്മാർ ബാലകന്മാരോട് ചോദിച്ചപ്പോൾ കൃഷ്ണൻ ചവിട്ടിയാണ് ശകടം തകർന്നതെന്ന അവരുടെ വാക്കുകൾ അവിശ്വാസനീയതയോടെയാണ് ഗോപാലകർ ശ്രവിച്ചത്..
ഉൽക്കചൻറെ പൂർവ്വജന്മം ഏതെന്ന് ചോദിച്ച രാജാവിനോട് മഹർഷി പറഞ്ഞ. ലോമേശ മഹർഷിയുടെ ആശ്രമത്തിലെ മരങ്ങൾ വെട്ടി നശിപ്പിച്ച ഹിരണ്യാക്ഷ പുത്രനെ മഹർഷി ശരീരമില്ലാത്തവനാകട്ടെയെന്ന് ശപിച്ചു. പാമ്പിൻറെ പടം പൊഴിയുമ്പോലെ ശരീരം പൊഴിഞ്ഞു പോയപ്പോൾ ഉൽക്കചൻ മഹർഷിയോട് ക്ഷമാപണം നടത്തി. ദ്വാപരയുഗത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻറെ സ്പർശനത്താൽ മുക്തി ലഭിക്കുമെന്ന് മഹർഷി പറഞ്ഞു .
ഒരു ദിവസം നന്ദറാണി യശോദ കൃഷ്ണനെ മടിയിൽ വച്ച് താലോലിച്ചോണ്ടിരിക്കെ കൃഷ്ണൻറെ ഭാരം താങ്ങാനാകാതെ കൃഷ്ണനെ താഴെയിറക്കി. ഉടനെ തന്നെ കംസനയച്ച തൃണാവർത്തൻ എന്ന അസുരൻ ചുഴലികാറ്റായി വന്നു കൃഷ്ണനെ എടുത്തു പത്ത് യോജന ഉയരത്തിൽ കൊണ്ട് പോയി. വ്രജത്തിലാകെ പൊടിപടലങ്ങളാൽ മൂടി. യശോദ കൃഷ്ണനെ കാണാതെ മോഹാലസ്യപ്പെട്ടു വീണു. ഉയരത്തിൽ എത്തിയപ്പോൾ കൃഷ്ണൻറെ ഭാരം വർദ്ധിക്കാൻ തുടങ്ങി. വേദന സഹിക്കാതെ അസുരൻ കൃഷ്ണനെ താഴെയിറക്കാൻ നോക്കി. കൃഷ്ണൻ തൻറെ കൈകളാൽ അസുരൻറെ കഴുത്തിൽ പിടിച്ചു. അസുരൻറെ നിലവിളിക്കിടയിൽ കൃഷ്ണൻ കൈ അമർത്തുകയും അസുരൻ മരിക്കുകയും ചെയ്തു. തൃണാവർത്തൻറെ ശരീരത്തിൽ നിന്നും ഉത്ഭവിച്ച ജ്യോതിസ്സ് ശ്രീകൃഷ്ണ ഭഗവാൻറെ ശരീരത്തിലലിഞ്ഞു. അസുരൻറെ ശരീരം ഒരു പാറപ്പുറത്ത് വീണു. ആ ശരീരത്തിലിരുന്ന് കളിച്ച ബാലകനെ ഗോപികമാർ ഓടി ചെന്ന് എടുത്തു യശോദാമ്മയെ ഏല്പിക്കുകയും. കൊടുങ്കാറ്റ് വന്നപ്പോൾ കുഞ്ഞിനെ താഴെ കിടത്തിയ യശോദയെ വഴക്കു പറയുകയും ചെയ്തു. തനിക്ക് ധനമൊന്നും വേണ്ട എന്നും മകനുമായി സമാധാനത്തോടെ കഴിയാൻ എവിടെയാണ് പോകേണ്ടത് എന്നും യശോദ കരഞ്ഞു കൊണ്ട് രോഹിണിയോട് ചോദിച്ചു.
ബ്രാഹ്മണർ കുശാഗ്രം,പുതിയ തളിരില, പവിത്രകലശം, ശുദ്ധജലം എന്നിവ കൊണ്ടും ഋക്, യജുസ്സ്, സാമം എന്നീ വേദമന്ത്രങ്ങൾ കൊണ്ടും ഉത്തമ സ്വസ്തി വചനങ്ങളെ കൊണ്ടും വിധിപ്രകാരം യജ്ഞം നടത്തി അഗ്നിയെ പൂജിച്ച് ബാലക ശ്രീകൃഷ്ണന് രക്ഷ ഉണ്ടാക്കി. കവചവും ചൊല്ലുകയുണ്ടായി. നന്ദൻ ബ്രാഹ്മണർക്കും ഗോപന്മാർക്കും ധാരാളം ദാനം നല്കി.
തൃണാവർത്തൻറെ പൂർവ്വജന്മം ഏതെന്ന് ചോദിച്ച രാജാവിനോട് മഹർഷി പറഞ്ഞു. ആയിരക്കണക്കിന് സ്ത്രീകളുമായി നർമ്മദാതീരത്ത് വിഹരിച്ചിരുന്ന പാണ്ഡുദേശത്തെ രാജാവ് സഹസ്രാക്ഷൻ അപ്പോൾ അവിടെ വന്നെത്തിയ ദുർവാസമുനിയെ ബഹുമാനിച്ചില്ല. കോപിഷ്ഠനായ മഹർഷി രാജാവിനെ രാക്ഷസനായി തീരട്ടെയെന്ന് ശപിച്ചു. മുനിയുടെ കാൽക്കൽ വീണ് ക്ഷമ യാചിച്ച രാജാവിനോട് ശ്രീകൃഷ്ണ ഭഗവാൻറെ സ്പർശമേല്ക്കുന്നതോടെ മോക്ഷം ലഭിക്കുമെന്ന് മഹർഷി പറഞ്ഞു. അങ്ങനെ ശ്രീകൃഷ്ണ സ്പർശത്താൽ തൃണാവർത്തന് മോക്ഷം ലഭിച്ചു.
*സർവ്വം കൃഷ്ണാർപ്പണമസ്തു*
✍കൃഷ്ണശ്രീ
🙏🌹🌺🌸💐🌹🙏