🏹🏹🏹🏹🏹🏹🏹🏹🏹🏹🏹
*_108 - ശിവാലയങ്ങൾ_*
*_ക്ഷേത്രം : 38_*
*ചെമ്മന്തിട്ട മഹാദേവക്ഷേത്രം*
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
തൃശ്ശൂരിൽനിന്ന് പന്നിത്തടം വഴിയുള്ള കുന്നംകുളം വണ്ടിയിൽ കയറിയാൽ ചെമ്മന്തിട്ട ബസ് സ്റ്റോപ്പിൽ ഇറങ്ങാം. അവിടെനിന്ന് 4 ഫർലോങ്ങ് നടന്നാൽ ക്ഷേത്രത്തിലെത്താം.
സ്വയംഭൂവായ ശിവലിംഗത്തിന് ഏകദേശം ഒരാൾ ഉയരം കാണും. ഒത്ത ശ്രീകോവിലിൽ മഹാദേവൻ കിഴക്കോട്ട് ദർശനം ചെയ്ത് വാണരുളുന്നു. സതീദഹനം കഴിഞ്ഞ് രൗദ്രഭാവത്തിലുള്ള നിൽപ്പാണ്. ആ മുഖത്തേക്ക് നോക്കാൻ തന്നെ സർവ്വരും ഭയപ്പെടും. പുലിയന്നൂർ മലയിലേക്കാണ് തന്ത്രിസ്ഥാനം. രണ്ടുനേരം പൂജയുണ്ട്. ഉപദേവതകൾ അയ്യപ്പൻ, ഗണപതി, ഭഗവതി, നാഗൻ, നരസിംഹം, എന്നിവരാണ്. പൂജകൊട്ടും കഴകക്കാരും നാട്ടുകാരുടെ പങ്കാളിത്തവും ധാരാളമുണ്ട്. ദേവസ്വം ബോർഡാണ് ക്ഷേത്രം ഭരണം. മഠത്തിൽ മന, കണ്ടൻജാത മന, ഓക്കിമന, വെമ്മനത്തൂർ മന, കുറിയേടത്ത് മന, നെടുമ്പഴി മന, ചേന്നാസ്മന, കല്ലൂർ മന, അകമഴി മന തുടങ്ങി 13 മനക്കാരുടെ ക്ഷേത്രമായിരുന്നു. ഊരായ്മക്കാരിലെ കുറിയേടത്ത് മനയ്ക്കലെ താത്രിക്കുട്ടിയുടെ സ്മാർത്തവിചാര കഥ പ്രസിദ്ധമാണ്.
മീനമാസത്തിലാണ് ഉത്സവം. ഉത്രട്ടാതി കൊടികയറി തിരുവാതിര ആറാട്ടായി സമാപിക്കുന്നു. കൂടാതെ ശിവരാത്രിയും ആഘോഷിച്ചുവരുന്നുണ്ട്. മിഥുനമാസത്തിലെ ചിത്ര നക്ഷത്രം പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.
ചെമ്മന്തിട്ട മഹാദേവൻ, പന്നിയൂർ നിന്നും ഭയപ്പെട്ടോടിയെത്തിയ നമ്പൂതിരിമാർക്ക് അഭയം നൽകി എന്നാണ് വിശ്വാസം. സമ്പന്നമായ വള്ളുവനാട് കൈവശപ്പെടുത്തുവാൻ സാമൂതിരി ആഗ്രഹിച്ചു. അപ്പോഴാണ് പന്നിയൂർ ഗ്രാമക്കാരും ശുകപുരം ഗ്രാമക്കാരും തമ്മിലുള്ള വഴക്ക് മൂർച്ഛിച്ച് പന്നിയൂർക്കാർ സാമൂതിരിയുടെയും ശുകപുരക്കാർ വെള്ളാട്ടിരിയുടെയും പക്ഷം പിടിച്ചു. പന്നിയൂർ ഗ്രാമക്കാർ ഒരു ക്ഷേത്രം നിർമ്മിച്ച് അതിൽ ശിവനെ പ്രതിഷ്ഠിക്കാൻ ഒരുങ്ങി. ഇതറിഞ്ഞ ശുകപുരക്കാർ ക്ഷേത്രം ചുട്ടെരിച്ചു. ആകെ ബഹളമായി. ഭയപ്പെട്ട് ഒരുകൂട്ടം ഓടി ചെമ്മന്തിട്ടയിലെത്തി. അവർ ക്ഷേത്രത്തിനു സമീപം താമസിച്ചു. അവരൊക്കെ തന്നെയായിരിക്കാം പിന്നീട് ക്ഷേത്രത്തിലെ ഉടമകളായത്.
ആദ്യകാലത്ത് ക്ഷേത്രത്തിൽ വാരസദ്യ നടന്നിരുന്നു. കടവല്ലൂർ അന്യോന്യത്തിൽ പങ്കെടുത്തവർ ചെമ്മന്തിട്ട മഹാദേവന്റെ അനുഗ്രഹം വാങ്ങിയിരുന്നു.
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️