🌿〰🌿〰🌿〰🌿
*പാക്കനാരും നമ്പൂര്യച്ചനും*
ജാതിയും മതങ്ങളുമെല്ലാം രൂപം കൊണ്ടത് മനുഷ്യരെ നന്മയിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ യാണ്. പക്ഷെ, ഇന്നു പലരും ഈ ലക്ഷ്യം മറന്ന് ജാതിയുടേയും മതത്തിന്റെയും പേരില്‍ കലഹിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് ഇത് ഒരിക്കലും നല്ലതല്ല.
ജാതി തന്‍ പേരു പറഞ്ഞൊരാളും
തമ്മില്‍ കലഹിക്കാന്‍ പോകരുതേ
ദൈവത്തിന്‍ മക്കളാം, നമ്മളെല്ലാം
ഒരമ്മ പെറ്റ കിടാങ്ങളല്ലോ!
അതെ നമ്മള്‍ ഒരമ്മ പെറ്റ മക്കളേപോലെ ഇവിടെ കഴിഞ്ഞു കൂടേണ്ടവരാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിച്ചു കാണരുതെന്ന് ലോകത്തോടു വിളിച്ചു പറഞ്ഞ ദേവ തുല്യനായ ഒരു മനുഷ്യന്റെ കഥയാണ് ഇവിടെ കഥാ പ്രസംഗരൂപേണേ അവതരിപ്പിക്കുന്നത്. നമ്മുടെ ഐതിഹ്യമാലയില്‍ നിന്ന് ചീന്തിയെടുത്ത ഒരേട് അതാണ് പാക്കനാരും നമ്പൂര്യച്ചനും.
പറയി പെറ്റ പന്തിരുകുലത്തിലെ ഏറ്റവും ഇളയ സന്തതിയായിരുന്നു പാക്കനാര്‍ ‘ പണം ആളെക്കൊല്ലിയാണ്, എന്ന് വിശ്വസിച്ച പാക്കനാര്‍ കുട്ടയും മുറങ്ങളുമൊക്കെ ഉണ്ടാക്കി വിറ്റും നാടു തോറും നടന്ന് ഭിക്ഷ യാചിച്ചും ജീവിതം പുലര്‍ത്തി പോന്നു.
ഉള്ളതുകൊണ്ടെന്നും ഓണമുണ്ടും
മുണ്ടുമുറുക്കിയുടുത്തു കൊണ്ടും
ചേലെഴും കൊച്ചു കുടിലിനുള്ളില്‍
പാക്കനാര്‍ സാമോദം വാണിരുന്നു!
ഒരിക്കല്‍ പാക്കനാര്‍ പണവും പ്രതാപവുമുള്ള ചില നമ്പൂതിരിമാരുടെ ഇല്ലങ്ങളില്‍ കയറിചെന്നു പക്ഷെ എന്തു പ്രയോജനം ? അവരെല്ലാം ചേര്‍ന്ന് ആ പാവത്തെ ആട്ടിയോടിച്ചു.
” ഛീ, വര്‍ക്കത്തു കെട്ട അശ്രീകരം ! നേരം പുലരുന്നതേയുള്ളു അതിനു മുന്‍പ് കേറി വന്നിരിക്കുന്നു കടക്കു പുറത്ത്!”
നമ്പൂതിരിമാരുടെ ആട്ടുകേട്ടും
കേട്ടാല്‍ രസിക്കാത്ത വാക്കു കേട്ടും,
കത്തിക്കരിഞ്ഞ വയറുമായി
പാക്കനാരമ്മാവന്‍ നാടു ചുറ്റി!
നട്ടുച്ചയാവോളം അലഞ്ഞു തിരിഞ്ഞിട്ടും പാക്കനാര്‍ക്ക് വിശപ്പടക്കാന്‍ ഒന്നും കിട്ടിയില്ല ഇനി എന്താ ചെയ്ക? തളര്‍ന്ന കാലുകള്‍ നീട്ടി വച്ച് അദ്ദേഹം വീണ്ടും നടന്നു .
അധികം വൈകാതെ പാക്കനാര്‍ പൊന്നിലഞ്ഞിയും കനകാംബരവും പൂത്തു നില്‍ക്കുന്ന ഒരു പഴയ ഇല്ലത്തിന്റെ മുറ്റത്തെത്തി. ഇല്ലത്തെ തമ്പുരാട്ടി പൂക്കളിറുത്തു കൊണ്ട് അല്പ്പം അകലെ തോട്ടത്തില്‍ നില്‍ക്കുന്നുണ്ടായിരുന്നു.
പാക്കനാര്‍ ദീന സ്വരത്തില്‍ വിളിച്ചു പറഞ്ഞു.
” അലിവേറുമോമന തമ്പുരാട്ടി
തലകറങ്ങുന്നെന്റെ തമ്പുരാട്ടി
അടിയന്റെ കാളും വിശപ്പുമാറ്റാന്‍
വല്ലതും നല്‍കണേ തമ്പുരാട്ടി !”
ഇതെല്ലാം കേട്ടുകൊണ്ട് ഇല്ലത്തെ അപ്ഫന്‍ നമ്പൂതിരി ഇറയത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു. നട്ടുച്ച നേരത്ത് ഒരു താഴ്ന്ന ജാതിക്കാരന്‍ കേറി വന്നത് അയാള്‍ക്ക് ഇഷ്ടമായില്ല. അയാള്‍ പുച്ഛത്തോടെ അകത്തു കടന്ന് വാതിലടച്ചു. എങ്കിലും തമ്പുരാട്ടി പാക്കനാരുടെ വിളി കേട്ടു. അവര്‍ ഒരു വലിയ കിണ്ണം നിറയെ പാല്‍ക്കഞ്ഞി കൊണ്ടു വന്ന് പാക്കനാരുടെ മുന്നില്‍ വച്ചു കൊടുത്തു. പാല്‍ക്കഞ്ഞി കണ്ടപ്പോള്‍ സ്വര്‍ഗ്ഗം കണ്ട അനുഭവമാണ് പാക്കനാര്ക്കുണ്ടായത്.
പാക്കനാരമ്മാവനാര്‍ത്തിയോടെ
പാല്‍ക്കഞ്ഞി കോരിക്കുടിച്ചു വേഗം
ആനന്ദമൂറും മിഴികളോടെ
ആവോളം കഞ്ഞി കുടിച്ചു വേഗം.
ദയാലുവായ ആ തമ്പുരാട്ടിയോട് പാക്കനാര്‍ക്ക് എന്തെന്നില്ലാത്ത സ്നേഹവും ആദരവും തോന്നി അദ്ദേഹം പറഞ്ഞു .
” അമ്മേ അടിയന്‍ വഴിയില്‍ തലകറഞ്ഞി വീണൂ പോകുമായിരുന്നു അമ്മയുടെ കാരുണ്യം അടിയന്റെ വിശപ്പകറ്റി ഇതിനു എന്തു പ്രതിഫലമാണ് തരേണ്ടതെന്ന് മാത്രം അറിഞ്ഞു കൂടാ”
” ഇതിനു പ്രതിഫലമൊന്നും വേണ്ട വിശക്കുന്നവര്‍ക്ക് കഞ്ഞി കൊടുന്നത് പ്രതിഫലം മോഹിച്ചല്ല. അതൊരു പുണ്യപ്രവൃത്തി മാത്രമാണ് ” തമ്പുരാട്ടി അറിയിച്ചു.
” എങ്കിലും ഈ ഇല്ലത്ത് എന്തെങ്കിലുമൊരു അത്യാഹിതമുണ്ടായാല്‍ അടിയനെ അറിയിക്കാന്‍ മറക്കരുത് അമ്മക്ക് എന്നും നല്ലതേ വരു”
നിറഞ്ഞ മനസോടെ തമ്പുരാട്ടിയെ അനുഗ്രഹിച്ചുകൊണ്ട് പാക്കനാര്‍ അവിടെ നിന്നും പോയി.
പാല്‍ക്കഞ്ഞിയുണ്ട വയറുമായി
നന്ദി തുടിക്കും മനസുമായി
പാക്കനാര്‍ മെല്ലെ നടന്നകന്നു
ഇല്ലത്തുനിന്നും നടന്നകന്നു.
പിന്നെ കുറെ നാളത്തേക്ക് പാക്കനാര്‍ ആ പ്രദേശത്തേക്കു വന്നതേയില്ല. ദിനരാത്രങ്ങള്‍ പലതും കടന്നു പോയി. പൗര്‍ണ്ണമിയും അമവാസിയും നിരവധി വട്ടം കടന്നു പോയി.
ഒരു ദിവസം പാക്കനാര്‍ അവിടെയും ഇവിടെയും ചുറ്റിത്തിരിഞ്ഞ് ഒരെത്തും പിടിയുമില്ലാത്ത വഴിയിലൂടെ മടങ്ങുകയായിരുന്നു. ഒട്ടും വിചാരിക്കാതെ അദ്ദേഹം എത്തിച്ചേര്‍ന്നത് മുമ്പൊരിക്കല്‍ പാല്‍ക്കഞ്ഞി വിളമ്പിക്കൊടുത്ത നല്ലവളായ തമ്പുരാട്ടിയുടെ ഇല്ലത്തിനു സമീപത്താണ്.
പാക്കനാര്‍ നന്ദിപൂര്‍വം ആ വീടിന്റെ സമീപത്തേക്കു നോക്കി അപ്പോള്‍ കണ്ടതൊ?
ഇല്ലത്തിന്‍ മുറ്റത്തു കൂടി നില്പ്പും
പത്തുപന്ത്രണ്ടാളുകള്‍ ദു:ഖമോടെ
കേക്കാമുറകെയകത്തുനിന്നും
ആരോ കരയുന്ന ദീനനാദം!
എന്തോ ഇവിടെ സംഭവിച്ചുണ്ടല്ലോ! എന്താണാവോ? പാക്കനാര്‍ക്ക് ഒന്നും മനസിലായില്ല. എട്ടും പൊട്ടും തിരിയാത്ത പോലെ അദ്ദേഹം നാലുപാടും നോക്കി . അങ്ങോട്ടു കയറിച്ചെന്ന് തിരക്കിയാലോ അതു വേണ്ട , അങ്ങോട്ടു ചെന്നാല്‍ എല്ലാവരും കൂടി തല്ലി പുറത്തു ചാടിച്ചെന്നു വരും !
പിന്നെ കാര്യമെന്തെന്നറിയാന്‍ എന്താണൊരു പോംവഴി ? പാക്കനാര്‍ ചിന്തിച്ചു ഉറക്കെ ഭിക്ഷ ചോദിക്കാം അപ്പോള്‍ ആളുകള്‍ തന്റെ അരികിലേക്കു വരുമല്ലോ അദ്ദേഹം ഉറക്കെ നീട്ടി വിളീച്ചു.
”പാവമൊരു പിച്ചക്കാരനാണേ
വല്ലതും നല്‍കണേ വീട്ടുകാരേ
വയറു പൊരിയുന്നു കഷ്ടമയ്യോ
വല്ലതും നല്‍കണേ വീട്ടുകാരേ!”
ഈ വിളീച്ചു കൂവല്‍ കേട്ടതോടെ അവിടെ കൂട്ടം കൂടി നിന്നവര്‍ ഒന്നടങ്കം ദേഷ്യത്തോടെ തിരിഞ്ഞു നോക്കി ഒരാള്‍ അലറി.
” ഹും ആരെടാ അത്? മരണ വീട്ടിലാണോടാ പിച്ചക്കു വരുന്നത് ? വകതിരിവില്ലാത്തവന്‍ ! കടന്നു പോകിനെടാ….”
ഒരു കൂട്ടമാളുകള്‍ പാഞ്ഞു വന്ന്
ഉന്തുന്നു തള്ളുന്നു പാക്കനാരെ
മറ്റൊരു കൂട്ടരോ കൈകള്‍ പൊക്കി
തല്ലാനൊരുങ്ങുന്നു പാക്കനാരേ!
ഇതിനിടയില്‍ പാക്കനാര്‍ പറഞ്ഞു :” തമ്രാക്കളേ, അടിയനു പിച്ച തരേണ്ട മരിച്ച ആളുടെ ശരീരം ഒന്നു കാണിച്ചു തരാന്‍ ദയവുണ്ടാകണം !”
” ഹോ ഈ അസത്തിനെ അകത്തു കടത്തരുത് ഇവന്‍ താണ ജാതിക്കാരനാ അകത്തു കടത്തിയാല്‍ ഇല്ലവും പരിസരവും അശുദ്ധമാകും ” ഒരു വയസന്‍ നമ്പൂതിരി വാശി പിടിച്ചു. അതോടെ എല്ലാവരും ഒരേ സ്വരത്തില്‍ പാക്കനാരെ ആട്ടിപായിക്കാന്‍ ശ്രമിച്ചു.
ഒച്ചയും ബഹളവും കേട്ട് ഇല്ലത്തെ തമ്പുരാട്ടി പുറത്തിറങ്ങി . എല്ലാവരും ചേര്‍ന്ന് ഒരാളെ തള്ളിപ്പുറത്താക്കാന്‍ ശ്രമിക്കുന്നു ആരാണയാള്‍ ? തമ്പുരാട്ടി തലയുയര്‍ത്തി നോക്കി.
തലതാഴ്ത്തി നില്‍ക്കുന്ന പാക്കനാരെ
തമ്പ്രാട്ടി വേഗം തിരിച്ചറിഞ്ഞു
ഇല്ലത്തു നിന്നുമിറങ്ങി മെല്ലെ
തമ്പ്രാട്ടിയങ്ങോട്ടടുത്തു ചെന്നു
അവിടെ കൂടി നിന്നവരോടായി തമ്പ്രാട്ടി പറഞ്ഞു.
” ആ മനുഷ്യന്റെ ആഗ്രഹമല്ലേ ശവശരീരം ഒന്നു കാണിച്ചു കൊടുത്തേക്കു ആരും തടയണ്ട!”
തമ്പുരാട്ടിയുടെ ഉറച്ച സ്വരത്തിലുള്ള തീരുമാനം കേട്ട് ചുറ്റും നിന്നവര്‍ ഇരുവശത്തേക്കും മാറി. ശാന്തസ്വരൂപനായ പാക്കനാര്‍ മെല്ലെ നടന്ന് അകത്തളത്തിലേക്കു കയറി.
അപ്പോഴാണു അവിടെ മരിച്ചു കിടക്കുന്നത് തമ്പുരാട്ടിയുടെ ഭര്‍ത്താവായ അപ്ഫന്‍ തിരുമേനിയാണെന്ന സത്യം പാക്കനാര്‍ക്ക് മനസിലായത്.
ഇല്ലത്തില്‍ ദീപമാം തമ്പുരാട്ടി
നല്ലവളായ തമ്പുരാട്ടി
വിങ്ങിക്കരയുന്ന കാഴ്ച കണ്ട്
പാക്കനാരേറെ വിഷണ്ണനായി
തമ്പുരാട്ടിയുടെ ദു:ഖം തീര്‍ത്തു കൊടുക്കേണ്ടത് തന്റെ കടമയാണെന്ന് പാക്കനാര്‍ വിചാരിച്ചു. അദ്ദേഹം ജഡത്തിനരികിലേക്ക് കുറെകൂടി അടുത്തു നിന്നു. ആളുകള്‍ തമ്മില്‍ തമ്മില്‍ പിറുപിറുത്തു. ” ഛീ എല്ലാം കുട്ടിച്ചേറാക്കി ! വഷളന്‍!”
പാക്കനാര്‍ ഇതെല്ലാം കേട്ടു. പക്ഷെ അദ്ദേഹം ഒന്നും ഗൗനിച്ചില്ല. കുറെ നേരം മൗനമായി നിന്ന് പ്രാര്‍ത്ഥിച്ചു. പിന്നെ എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിട്ടു. അവസാനം രണ്ടു കൈകളുയര്‍ത്തി ജഡത്തിന്റെ നെറുകില്‍ ഒന്നു തൊട്ടു!
അത്ഭുതം! മരിച്ചു കിടന്ന നമ്പൂര്യച്ചന്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നപോലെ മന്ദം മന്ദം ഉണര്‍ന്നെണീറ്റു ! അയാള്‍ എഴുന്നേറ്റ് ചുറ്റും നിന്നവരോട് കുശലം പറയാന്‍ തുടങ്ങി.
ആളുകളോക്കെയുമത്ഭുതത്താല്‍
അമ്പരന്നങ്ങനെ നോക്കി നിന്നു
ഇക്കണ്ടതൊക്കെയും സത്യമാണോ
അല്ലെങ്കിലെങ്ങനെ വിശ്വസിക്കും?
ഈ മഹാത്ഭുതം കണ്ട് ആളുകള്‍ അമ്പരന്നു. അവര്‍ക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.
തമ്പുരാട്ടിയുടെ ഹൃദയം ആനന്ദത്താല്‍ തുടികൊട്ടി. തന്റെ മുന്നില്‍ നില്‍ക്കുന്നത് വെറുമൊരു പിച്ചക്കാരനല്ലെന്നും ഏതോ ദിവ്യശക്തിയുള്ള മാഹാത്മാവാണെന്നും അവര്‍ക്ക് ബോധ്യമായി.
അവിടെ കൂടി നിന്ന നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊന്നും അതിശയം അടക്കാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ കൂടി അവര്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവര്‍ണ്ണനീയമായ ഒരു ദിവ്യ തേജസ് ആ മുഖത്ത് ഓളം വെട്ടുന്നത് അവര്‍ കണ്ടു. ഒരു കാര്യം അവര്‍ക്ക് തീര്‍ച്ചയായി
കണ്മുന്നില്‍ നില്പ്പതു ഭിക്ഷുവല്ല.
നാടുകള്‍ തെണ്ടുന്ന ഹീനനല്ല
ആളുകള്‍ സാദരം കൈകള്‍ കൂപ്പി
ആ നല്ല മര്‍ത്യനെ കൈവണങ്ങി
മരണവീട് അല്പ്പ നേരം കൊണ്ട് ഒരു കല്യാണ വീടുപോലെ ആനന്ദപൂരിതമായി. പാക്കനാരോട് എങ്ങിനെ നന്ദി പറയണമെന്നറിയാതെ ആളുകള്‍ കുഴങ്ങി. അവര്‍ വീണ്ടും വീണ്ടും കണ്ണെടുക്കാതെ അദ്ദേഹത്തെ തന്നെ നോക്കി നിന്നു.
”ഇതെല്ലാം കണ്ട് പാക്കനാര്‍ ഉപദേശരൂപേണേ അവിടെ കൂടി നിന്നവരോടു പറഞ്ഞു ” ചങ്ങാതി മാരേ മനുഷ്യനെ മഹത്വമുള്ളതാക്കുന്നത് ജാതിയോ മതമോ അല്ല അവനിലുള്ള നന്മയാണ്. നിങ്ങളും നന്മയുടെ നിറകുടങ്ങളാകാന്‍ ശ്രമിക്കു”
അങ്ങകലെ സൂര്യന്‍ അസ്തമിക്കുകയാണ്. കുന്നിന്‍ മുകളിലൂടെ പൗര്‍ണ്ണമി ചന്ദ്രന്‍ പതുക്കെ തലയുയര്‍ത്തി വരുന്നത് എല്ലാവരും കണ്ടു.
പാക്കനാര്‍ അവിടെ നിന്നും യാത്ര പറഞ്ഞ് കുന്നും മലകളും കയറിയിറങ്ങി തന്റെ കൊച്ചു കുടിലിനെ ലക്ഷ്യമാക്കി നടന്നു.
തീരാത്ത തീരാത്ത നന്ദിയോടെ
തമ്പ്രാട്ടിയമ്മയും തമ്പുരാനും
കണ്‍കളില്‍ നിന്നു മറയുവോളം
പാക്കനാരെത്തന്നെ നോക്കി നിന്നു!
സഹൃദയരെ ‘ പാക്കനാരും നമ്പൂര്യച്ചനും ‘ എന്ന ഈ കൊച്ചു കഥ ഇവിടെ പൂര്‍ണ്ണമാകുന്നു.
ജാതിതന്‍ പേരു പറഞ്ഞൊരാളും
തമ്മില്‍ കലഹിക്കാന്‍ പോകരുതേ
ദൈവത്തിന്‍ മക്കളാം നമ്മളെല്ലാം
ഒരമ്മ പെറ്റ കിടാങ്ങളല്ലോ!
🌿〰🌿〰🌿〰🌿