*ശിവഗിരി തീർത്ഥാടനത്തിന്റെ ഉദയവും ഉദ്ദേശ ലക്ഷ്യങ്ങളും*
1103 മകരമാസം 3 -ാം തീയതി കോട്ടയത്തുള്ള നാഗമ്പടം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള തേന്മാവിൽ ചുവട്ടിൽ ഗുരുദേവൻ ശിഷ്യന്മാ രോടും മറ്റു ഭക്തന്മാരോടുമൊത്ത് കുശലപ്രശ്നം നടത്തികൊണ്ടുമിരിക്കുമ്പോൾ ഗുരുദേവ ഭക്തരായ വല്ലഭശ്ശേരി ഗോവിന്ദനാശാനും റ്റി.കെ. കിട്ടൻ റൈട്ടറും സദസ്സിൽ പങ്കാളികളായി. സംഭാഷണത്തിനിടയിൽ വല്ലഭശ്ശേരിയും കിട്ടൻ റൈട്ടും തൃപ്പാദങ്ങളോട് ശിവഗിരിയിലേക്ക് എല്ലാ വർഷവും തീർത്ഥാടനം നടത്തുന്നതിന് അനുവാദമുണ്ടാകണമെന്ന് അപേക്ഷിച്ചു. അനുവാദം നൽകിക്കൊണ്ട് തൃപ്പാദങ്ങൾ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി.
*(1) തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കണം മഞ്ഞപ്പട്ട് വാങ്ങാൻ ആരും തുനിയരുത്. കോടി വസ്ത്രം പോലും ആവശ്യമില്ല. ഉപയോഗത്തിലിരിക്കുന്ന വെള്ള വസ്ത്രം മഞ്ഞളിൽ മുക്കി ഉപയോഗിച്ചിട്ട് പിന്നീട് അലക്കി തെളിച്ച് ഉപയോഗിക്കുകയും ചെയ്യാം*
*(2) യാത്ര ആർഭാട രഹിതമായിരിക്കണം. വിനീതമായിരിക്കണം*
*(3) ഈശ്വരസ്തോത്രങ്ങൾ ഭക്തിയായി ഉച്ചരിക്കുന്നതു കൊള്ളാം*
*(4) തീർത്ഥാടകരുടെ പേരിൽ ആർഭാടങ്ങളും ആഡംബരങ്ങളും ഒച്ചപ്പാടുകളും ഉണ്ടാക്കി പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്*
*(5) അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്*
കോട്ടയത്തുനിന്നും ഒരാൾ ശിവഗിരിയിൽ പോയി രണ്ടു ദിവസം താമസിച്ചു മടങ്ങി വരുന്നതിന് മൂന്നു രൂപയുണ്ടെങ്കിൽ കുറച്ചു ചക്രം മിച്ചവുമുണ്ടായിരിക്കും. അത് ധാരാളം മതിയാകും. ഈഴവർ പണമുണ്ടാക്കും പക്ഷേ മുഴുവനും ചിലവഴിച്ചുകളയും. ചിലർ കടം കൂടി വരുത്തി വയ്ക്കും അതു പാടില്ല.. മിച്ചം വയ്ക്കുവാൻ പഠിക്കണം. സമുദായം വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും വളരെ പിന്നോക്കമാണ്. ഈ രീതി മാറണം. മാറ്റണം.
ഈ തീർത്ഥാടനം നടത്തുന്നതിന്റെ ഉദ്ദേശ്യമെന്തെന്ന് തൃപ്പാദങ്ങളുടെ ചോദ്യത്തിന് വൈദ്യരിൽ നിന്നും റൈട്ടറിൽ നിന്നും മറുപടി കിട്ടാതെ വന്നപ്പോൾ ഗുരുദേവൻ അല്പം ഗൗരവത്തിൽ തുടർന്നു, ആണ്ടിലൊരിക്കൽ കുറെ ആളുകൾ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും മഞ്ഞ വസ്ത്രവും ധരിച്ച് യാത്ര ചെയ്ത് ശിവഗിരിയിൽ ചെന്ന് ചുറ്റിനടന്ന് കുളിയും ഊണും കഴിഞ്ഞ് പണവും ചെലവാക്കി മടങ്ങി വീടുകളിൽ ചെല്ലുന്നതു കൊണ്ട് ഒന്നും സാധിക്കുന്നില്ല. വെറും ചെലവും ബുദ്ധിമുട്ടും. ഇതു പാടില്ല. ഏതു പ്രവർത്തിക്കും ഒരുദ്ദേശം വേണം. ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. തൃപ്പാദങ്ങൾ ഓരോന്നായി ശിവഗിര തീർത്ഥാടനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റി വിവരിച്ചുകൊടുത്തു.
*(1) വിദ്യാഭ്യാസം*
*(2) ശുചിത്വം,*
*(3) ഈശ്വരഭക്തി*
*(4) സംഘടന*
*(5) കൃഷി*
*(6) കച്ചവടം*
*(7) കൈത്തൊഴിൽ*
*(8) സാങ്കേതിക ' ശാസ്ത്ര പരിശീലനങ്ങൾ*
ഈ വിഷയങ്ങളെപ്പറ്റി പ്രസംഗ പരമ്പര നടത്തണം. ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ളവരെ ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിക്കണം. ജനങ്ങൾ അച്ചടക്കത്തോടെയിരുന്നു ശ്രദ്ധിച്ച് കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്തുവാൻ ശ്രമിക്കണം. അതിൽ വിജയം പ്രാപിക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകും. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിക്കണം.
No comments:
Post a Comment